ശബരിമലയിലെ സ്‌തുത്യർഹമായ സേവനത്തിന് യതീഷ് ചന്ദ്രക്ക് അനുമോദനം

ശബരിമലയിലെ സേവനത്തിന് യതീഷ് ചന്ദ്രക്ക് അനുമോദനം

തിരുവനന്തപുരം: ശബരിമലയിൽ 15 ദിവസങ്ങൾ സ്‌തുത്യർഹമായ സേവനമനുഷ്ഠിച്ചതിന് എസ്‌പി യതീഷ് ചന്ദ്രക്ക് സർക്കാരിന്റെ അനുമോദനം. തൃശൂർ എസ്‌പിയായ യതീഷ് ചന്ദ്രക്ക് നിലക്കൽ സുരക്ഷാ ചുമതലയാണ് നൽകിയിരുന്നത്. യതീഷ് ചന്ദ്രയുടെ കടുത്ത നടപടിക്കെതിരെ ബിജെപി രംഗത്ത് വരികയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര തടഞ്ഞതും മന്ത്രിയുമായി വാക്കു തർക്കമുണ്ടായതും വലിയ വിവാദമായിരുന്നു. മന്ത്രിയെ അപമാനിച്ച യതീഷ് ചന്ദ്രക്കെതിരെ ബിജെപി നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. നിലക്കൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തി വിടണമെന്ന് കേന്ദ്രമന്ത്രി യതീഷ് ചന്ദ്രയോട് ആവശ്യപ്പെട്ടു.

എന്നാൽ, പമ്പയിൽ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും യതീഷ് ചന്ദ്ര ചോദിച്ചു. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ കുടുംബവും ഇപ്പോൾ യതീഷ് ചന്ദ്രക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Back to top button